Wednesday, April 25, 2007

ഒപ്ടോണിയ പ്ലൂട്ടോണിക്ക

ഈ കൃതിയിലെ ഞാന്‍ എന്ന കഥാപാത്രത്തിന് എന്നോടോ നിങ്ങളോടോ മറ്റാരോടെങ്കിലുമോ സാദൃശ്യം തോന്നുന്നെങ്കില്‍ അതു മനഃപൂര്‍വ്വമല്ല, യാദൃശ്ചികം മാത്രം.

സുഹൃത്തുക്കളെ,

എന്റെ തലച്ചോറിന് കാര്യമായി എന്തോ തകരാറു സംഭവിച്ചിരിക്കുന്നു. ഓര്‍മ്മയുടെ കാര്യത്തില്‍ ഞാന്‍ ഒരല്പമല്ല, ഒരായിരം അല്പം പിറകിലാണെന്നുള്ളത് പകല്‍ പോലെ സ്പഷ്ടം.

ഒരു എട്ടോ പത്തോ കുട ഞാന്‍ കളഞ്ഞുകാണും. ഒരു ഇരുപത്തഞ്ചുപ്രാവശ്യമെങ്കിലും ഞാന്‍ കുട മറന്നു വെച്ചും കാണും. എന്റെ ഭാഗ്യം കൊണ്ടോ ഗുരുത്വം കൊണ്ടോ ദൈവാധീനം കൊണ്ടോ ബാക്കി കുടകളെല്ലാം എന്നെ തേടിവന്നു എന്നു മാത്രം.

ഈ ഇരുപത്തിയഞ്ചു വര്‍ഷക്കാലം ഞാന്‍ അടുത്തറിഞ്ഞ മനുഷ്യരില്‍ തൊണ്ണൂറു ശതമാനം പേരുടെയും പേരെനിക്കറിയില്ല. എണ്‍പതു ശതമാനം പേരുടെയും മുഖമെനിക്കോര്‍മ്മയില്ല. അന്‍പതു ശതമാനം പേരെ എനിക്ക് ഓര്‍മ്മയേ ഇല്ല. പക്ഷെ എന്നെങ്കിലും അവരെ കണ്ടുമുട്ടിയാല്‍, “എവിടെയോ കണ്ടുമറന്ന പോലെ” എന്നെങ്കിലും എനിക്കു തോന്നാറുണ്ട്. പക്ഷേ... മറ്റൊരു ഇരുപത്തിയഞ്ചു ശതമാനം പേരെ ഞാന്‍ കണ്ടാലോ, അവരെന്റെ തലയ്ക്കൊരു കിഴുക്കു തന്നാ‍ല്‍ പോലുമോ എനിക്കോര്‍മ്മ വരാറില്ല. അതുമല്ല... ജീവിതത്തിലിന്നേവരെ ഞാന്‍ കണ്ടിട്ടില്ലാത്ത മനുഷ്യരോട് “എവിടെയോ കണ്ടു മറന്നപോലെ” എന്നു പലവട്ടം പറയേണ്ട ഗതികേടും എനിക്കുണ്ടായിട്ടുണ്ട്.

പക്ഷേ സുഹൃത്തേ,
ഇക്കാലമത്രയും, എന്റെ തലച്ചോറിനു തകരാറുണ്ടെന്നു എന്റെ വീട്ടുകാര്‍ക്കോ, പനി ജലദോഷം തുടങ്ങിയ സാധാരണ അസുഖങ്ങള്‍ക്കായെങ്കിലും എന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കോ കണ്ടെത്താനായിട്ടില്ല.

ബ്രെയിന്‍ ട്യൂമര്‍, തലച്ചോറില്‍ രക്തസ്രാവം തുടങ്ങിയ രോഗങ്ങളൊന്നും തന്നെ അവര്‍ കണ്ടെത്താഞ്ഞതിനാല് തന്നെയായിരിക്കണം എന്റെ രോഗം വല്ല “സെറാമിക്‍ ബ്രോഷറോ, ... ഒപ്ടോണീയ പ്ലൂട്ടോണിക്കയോ ... മറ്റോ ആകുമെന്ന് ഞാന്‍ സംശയിച്ചത്.

അങ്ങനെയിരിക്കെ...
ഒരുപാട് കുടകള്‍ കളഞ്ഞതിനാലും, ആരെയും ഓര്‍മ്മയില്ലാത്തതിനാലും, കൊടുത്ത വാക്കുകള്‍ മറന്നു പോയതിനാലും എന്റെ രോഗം ഉത്തരവാദിത്തമില്ലായ്മയാണെന്നും ചിന്തയില്ലായ്മയാണെന്നും വീട്ടുകാര്‍ കണ്ടെത്തി.

പക്ഷെ... എനിക്കറിയാം...
അതേതോ “ഒപ്ടോണിയ പ്ലൂട്ടോണിക്ക” തന്നെ!!!