Saturday, May 05, 2007

പുഴ പറയുന്നത്

കറുത്ത പുഴ!
നാറുന്ന പുഴ!
വൃത്തികെട്ട പുഴ!
അതിനെന്തോ പറയണം
പറയട്ടേ
“ഹേ പുഴ, എന്താണു പറയേണ്ടത്?”
പുഴ പറഞ്ഞു:

മടുത്തു എനിക്കു മടുത്തു
ഇന്നു ഞാന്‍ ഞാനല്ല.
ഇന്നെന്‍ നെഞ്ചിലൊന്നുമില്ല.
മടുത്തു!

എന്തിന്നു ദൈവമേ എന്തിന്ന്?
എനിക്കിത്രയുമായുസ്സെന്തിന്ന്?

പണ്ടു കാട്ടിലൂടൊഴുകിയതു ഞാന്‍
എങ്കിലന്നെന്നില്‍ പതഞ്ഞത്
പ്രകൃതിയുടെ ചുടുചോര.

ഇന്നു നാട്ടിലൂ‍ടൊഴുകുന്നതും ഞാന്‍
എങ്കിലിന്നെന്നില്‍ നിറയുന്നത്
കുരുതിയുടെ ചുടുചോര!
കാട്ടിലെ ചന്ദനം
പിന്നെ വ്യവസായക്കാഷ്ഠങ്ങള്‍!

മടുത്തു... ഇനി വയ്യ...
മടുത്തു ദൈവമേ!
എനിക്കിത്രയുമായുസ്സെന്തിന്ന്?

അന്നു കളകളമൊഴുകിയതു ഞാന്‍
അന്നെന്നെ പുനര്‍ന്നത്
മൃദുലമാം തളിരിലകള്‍.

അന്നു തുള്ളിക്കളിച്ചതും ഞാന്‍
അന്നെന്നെ ചുംബിച്ചതു മാനുകള്‍ കടുവകള്‍.
അന്നു പാടിയതു ഞാനും കിളികളും
അന്നു മദിച്ചതു ഞാനും മൃഗങ്ങളും.

ഇന്നെന്റെ ചുണ്ടിന്നു ചണ്ടിയുടെ ബന്ധനം
ഇന്നെന്റെ കാലിന്നണക്കെട്ടിന്‍ ബന്ധനം

എന്തിന്നു ദൈവമേ എന്തിന്ന്
എനിക്കിത്രയുമായുസ്സെന്തിന്ന്

അന്നുഞാനെല്ലാര്‍ക്കും വേണ്ടി
അന്നെല്ലാവരുമെനിക്കുവേണ്ടി
ഇന്നുമെല്ലാര്‍ക്കുമെന്തിനുമെന്നെ വേണം
എന്നെ പിളര്‍ന്നാലവര്‍ക്കു കിട്ടുമോ പൊന്മുട്ട?

ഇല്ല കിട്ടില്ല
ഞാന്‍ കൊടുക്കില്ല!

എന്തിന്നുദൈവമേ എന്തിന്ന്
എനിക്കിത്രയുമായുസ്സെന്തിന്ന്?