Monday, May 21, 2007

ഒരു ഓഫ് സീസണ്‍ വയനാടുയാത്ര!

വെക്കേഷനു നാട്ടില്‍ വന്നിട്ട് ഒന്നു കറങ്ങാന്‍ പോയില്ലെങ്കിലെന്തു രസം? അതുകൊണ്ടു തന്നെ ഒരു വന്‍ വയനാടു യാത്ര മനസ്സില്‍ അതിഭീകരമായി പ്ലാന്‍ ചെയ്തുകൊണ്ടാ‍ണു ഇത്തവണ നാട്ടില്‍ വന്നത്

പക്ഷേ, കേരളം കാണണമെങ്കില്‍ നല്ല മഴപെയ്തു തോരണം. പൊടിയെല്ലാമൊതുങ്ങി, ഇലകളെല്ലാം വൃത്തിയായി, നിഴലില്ലാതെ, നിറങ്ങളെല്ലാം നല്ല വെടിപ്പോടെ നില്‍ക്കുന്ന ആ ഒരു സ്റ്റൈലന്‍ ഫീലുണ്ടല്ലോ... അതാണു മനസ്സില്‍ ഇത്രയും നാള് ഇട്ട് ഉരുട്ടി ഉരുട്ടി നല്ല നെല്ലിക്കാ പരുവത്തിലാക്കി കൊണ്ടുവന്നത്.

പക്ഷേ മേയ് മാസം കേരളത്തില്‍ വേനല്‍ക്കാലമാണത്രേ... (ഹി ഹി.. അതറിയാതെയല്ല, എന്നിരുന്നാലും, ഒരു വേനല്‍ മഴയെങ്കിലും...) അതു കള... ചൂടെങ്കില്‍ ചൂട്, ഒന്നു കറങ്ങിയിട്ടു തന്നെ കാര്യം ഞാന്‍ വയനാട്ടേക്കു വച്ചടിച്ചു.

രഞ്ജിത്തുമൊത്ത് - എന്റെ വയനാടന്‍ കൂട്ടുകാരന്‍, അവന്റെ കെയറോഫിലാണ് ഈ ഓസു യാത്ര. - കോഴിക്കോടുനിന്നും മാനന്തവാടി ബസ്സില്‍ കയറിയപ്പൊഴേ മണി ആറര!! കോഴിക്കോടു പി എസ് സി ടെസ്റ്റെഴുതാന്‍ വന്ന സകലമാന ജനങ്ങളെയും കയറ്റി ആന വണ്ടി ഞരങ്ങി ഞരങ്ങി നീങ്ങി.

താമരശ്ശേരി “ചൊരം” കയറാന്‍ തുടങ്ങിയപ്പോഴേക്കും നേരം ഇരുട്ടി, ആകെ മൊത്തം ടോട്ടല്‍ ഇരുട്ട്. പിന്നെ ഒന്നുറങ്ങിയെണീറ്റപ്പോഴാണ് ആ സുന്ദര സുരഭില പുളകിതമായ കാ‍ഴ്ച ;) കണ്ണില്‍ പെട്ടത്. ചുരത്തിന്റെ അങ്ങുമുകളില്‍ ഹെയര്‍ പിന്‍ വളവുകള്‍ തിരിയുന്ന വണ്ടികളുടെ ഹെഡ്‌ലൈറ്റുകള്‍ അവിടത്തെ കോടമഞ്ഞില്‍ തട്ടി തിളങ്ങുന്നു. പ്രകാശത്തൂണുകള്‍ മുകളില്‍ നിന്നാരോ തട്ടി മറിച്ചിടുന്ന പോലെ... കൊള്ളാം ഞാന്‍ ഒന്നു കൂടി ഉറങ്ങി.

പത്തുമണിയോടെ “തോണിച്ചാല്‍” സ്റ്റോപ്പില്‍ ഇറങ്ങി. ഇടവഴിയിലൂടെ രഞ്ജിത്തിന്റെ വീട്ടിലേക്കു വച്ചടിച്ചു. ഞങ്ങളുടെ മൊബൈല്‍ ഫോണുകളുടെ അരണ്ട വെളിച്ചത്തില്‍ ഇരുട്ടിനെ കീറിമുറിച്ചുകൊണ്ട് പതുക്കെ തപ്പിത്തടഞ്ഞു നടക്കുകയായിരുന്നു ഞങ്ങള്‍ (മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിനു മൂര്‍ച്ച കുറവായിരുന്നു... ഇരുട്ട് അത്ര പെട്ടെന്നു മുറിഞ്ഞില്ല!) നല്ല കറുകറുത്ത ആ‍കാശം മുഴുവന്‍ തിളങ്ങിനില്‍ക്കുന്ന നക്ഷത്രങ്ങള്‍. നല്ല ഒന്നാന്തരം കാഴ്ച! നഗരത്തിലെ ലൈറ്റുകളാല്‍ മായ്ക്കപ്പെട്ട് ഒരു മാതിരി ചാരനിറത്തിലായ ആകാശമേ കുറേക്കാലമായി നമുക്കു പരിചയമുള്ളൂ. അതിനിടയില്‍ ഇങ്ങനെയൊരു കാഴ്ച മനം കുളിര്‍പിച്ചു.

പത്തരയോടെ വീട്ടിലെത്തി, അച്ഛനും അമ്മയും ഉറങ്ങിയിരുന്നില്ല. നല്ല നാടന്‍ ബിരിയാണിയും വച്ച് ഞങ്ങളെ കാത്തിരിപ്പയിരുന്നു. പക്ഷേ, ആദ്യം കാപ്പി. ആഹഹഹ!! ഉശിരന്‍ കാപ്പി! സ്വന്തം പറമ്പില്‍ വിളഞ്ഞ കാപ്പിക്കുരു വറുത്തുപൊടിച്ചുണ്ടാക്കിയ ആ കാപ്പികൂട്ടിയുള്ള ബിരിയാണിതീറ്റ!!! കിടിലന്‍ .. ഉള്‍ക്കിടിലന്‍!

പിന്നെ സുഖശീതളമായ ഉറക്കം! നല്ല തണുപ്പ് (ഓര്‍ക്കണം, ഇതു വേനല്‍ക്കാലത്തിന്റെ ഉച്ചകോടിയാണ്, ഒരു വേനല്‍ മഴപോലും കിട്ടാതെ ഭൂമി പഴുത്തു നില്‍ക്കുന്ന സമയം. എന്നിട്ടും ഇവിടെ രാത്രിക്കു തണുപ്പാണ്. അതാണു വയനാട്.) പുതച്ചുമൂടി കിടന്നുറങ്ങി.

സുപ്രഭാതം പൊട്ടിവിടര്‍ന്നു! ഉമിക്കരിയും ഉപ്പും ചേര്‍ത്ത് നല്ല സ്റ്റൈലന്‍ പല്ലുതേപ്പ്. വയലിലൂടെ ഒരു ഉലാത്തല്‍. പിന്നെ കാപ്പി.
സ്വന്തം പറമ്പില്‍ വിളഞ്ഞ കാപ്പിക്കുരു വറുത്തുപൊടിച്ചുണ്ടാക്കിയ അതേ കാപ്പി ഹി ഹി.
പിന്നെ വയനാടന്‍ പത്തിരിയും, ഇറച്ചിയും. ദോശ, കപ്പ മുതലായ ഹോം മേഡ് സ്പെഷലുകള്‍ വേറെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ചിത്രം കാണുക!
എല്ലാത്തിനും മീതെ ഒരു ദഹനസ്പെഷ്യല്‍: മാങ്ങാ പച്ചടി. നല്ല മുത്തിക്കുടിയന്‍ മാങ്ങ മോരും മുളകും മറ്റു സാധന സാമഗ്രികളുമെല്ലാം ചേര്‍ത്ത് തയ്യാറാക്കിയ ഒരുഗ്രന്‍ സംഭവം.


എല്ലാരും പോകുന്ന, അഥവാ പോയി നശിപ്പിച്ച സ്ഥിരം “ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക്” പോകേണ്ടതില്ല എന്ന് ആദ്യം തന്നെ തീരുമാനിച്ചു. പ്രകൃതിസുന്ദരമായ വയനാടിന്റെ “മേക്കപ്പിടാത്ത” മുഖം കാണണം. അപ്പൊപ്പിന്നെ അത്ര പ്രശസ്തിയില്ലാത്ത ഒരു സ്ഥലത്തു തന്നെ പൊയ്ക്കളയാം.

രഞ്ജുവിന്റെ ഇളയമ്മയുടെ വീട് മക്കിയാട് എന്നൊരു സ്ഥലത്താണ്. പ്രകൃതിരമണീയമാണത്രെ! മാനന്തവാടിയില്‍ നിന്നും ഒരു പത്തുപതിനഞ്ചു കിമി കാണും.
ബൈക്കിലാണുയാത്ര. വീട്ടില്‍ നിന്ന് ഇറങ്ങി ബസ്റ്റോപ്പെത്തിയില്ല, അതാ രഞ്ജുവിന്റെ പെങ്ങള്‍. സംഗതി കുളം. ബൈക്കില്‍ യാത്ര പോയതു വീട്ടീലറിഞ്ഞാല്‍ അമ്മയ്ക്കു വെറുതെ ടെന്‍ഷനാകും.
“മോളേ, അമ്മയോടു പറയല്ലേ...”
“ഞാ‍ന്‍ പറയും!”
“അയ്യോ കുളമാക്കരുതേ... ആകെ കുഴപ്പമാകും!”
“വരുമ്പൊ പഫ്സ് മേടിച്ചോണ്ട് വര്വോ?”
പ്ലസ്ടു കഴിഞ്ഞുനില്‍ക്കുന്ന പെങ്ങളുടെ ഇത്രയും നിഷ്കളങ്കമായ കൈക്കൂലിക്കു മുമ്പില്‍ ഞങ്ങള്‍ മുട്ടു മടക്കി.. “ശരി”

ഉച്ചയോടടുത്താ‍ണ് മക്കിയാടെത്തിയത്. യാത്രയിലുടനീളം, വെയിലേറ്റു തിളങ്ങിനിന്നിരുന്ന ആ മലനിരകള്‍ കാണാമായിരുന്നു... സ്പാറു കാഴ്ച തന്നെ... മനസ്സു പുറത്തു ചാടി! ബൈക്കു നിര്‍ത്തി, ക്യാമറയെടുത്തു. ക്ലിക്ക്-ക്ലിക്ക്-ക്ലിക്ക് ഹാവൂ.. ആശ്വാസമായി! ഇടക്കിടെ സുന്ദരമായ തേയിലത്തോട്ടങ്ങളും. അതും വിട്ടില്ല.. ക്ലിക്ക് ക്ലിക്ക് ... ഹാവൂ.


അങ്ങനെയങ്ങനെ വീട്ടിലെത്തി!
വീടിനോടു ചേര്‍ന്നു തന്നെ ഒരു പുഴ! പുഴയെന്നു പറഞ്ഞാല്‍ നമ്മുടെ ഭാരതപ്പുഴപോലെ, വിശാലമായ മണല്‍പ്പരപ്പല്ല! നല്ല കരിമ്പാറക്കെട്ടുകള്‍ നിറഞ്ഞുനില്‍ക്കുന്ന, ഉശിരന്‍ പുഴ. പുഴയെന്ന് എന്നാലും പറയാനൊക്കില്ല. ഒരുമാതിരി, അരുവി മൂത്തു മൂത്തു പുഴയായ പോലെ. ഇനിയും സംശയം മാറിയില്ലെങ്കില്‍, ചിത്രങ്ങള്‍ കണ്ടുകൊള്ളൂ


ഇളയമ്മയുടെ മകന്‍ അബിയും, രഞ്ജുവും ഞാനും കൂടി കാടു കയറാന്‍ തുടങ്ങി. പുഴയുടെ മുകളറ്റത്തുള്ള മീന്‍ മുട്ടിയാണു ലക്ഷ്യം. പക്ഷേ അത്രയും മുകളിലെത്താനുള്ള സമയം കയ്യിലില്ല. തല്‍ക്കാലം ഒരു ചെറിയ മീന്‍‌മുട്ടിയിലെത്തി സമാധാനിച്ചു. അതവിടെ നില്‍ക്കട്ടെ, ഈ മീന്‍‌മുട്ടി എന്താണെന്നു വല്ല പിടിയും കിട്ടിയോ? ഇല്ലല്ലെ.. എന്നാ കേട്ടോ: മഴക്കാലത്ത് മീനുകളെല്ലാം പുഴയിലൂടെ നേരെ മുകളിലേക്കു നീന്തുമത്രെ, അങ്ങനെ നീന്തി നീന്തി ഒരു വെള്ളച്ചാട്ടത്തിനടുത്തെത്തിയാല്‍ പിന്നെ മുകളിലേകു കയറാനാകാതെ അങ്ങനെ മുട്ടി നില്‍ക്കും. അങ്ങനെ, മീന്‍ മുട്ടി മുട്ടി നില്‍ക്കുന്ന സ്ഥലമാണ് ഈ മീന്‍‌മുട്ടി!! യേത്!

പക്ഷേ പ്രശ്നം അതല്ല. രണ്ടു ദിവസം മുമ്പ് ഒരു തടിയന്‍ മലമ്പാമ്പിനേയും കുട്ടികളേയും ആ വഴിക്ക് ആരോ കണ്ടുവത്രേ. മലമ്പാമ്പിന്റെ തടിയെക്കുറിച്ചുള്ള വിവരണം കേട്ടാല്‍ ഒരു രണ്ടു ആനാക്കോണ്ടായുടെ വണ്ണം വരണ്ടതാണ്. ഹും. പോട്ടെ ഏതായാലും ഒരു വലിയ മലമ്പാമ്പ് എന്നു തന്നെ തല്‍ക്കാലം വിചാരിക്കാം. ഒന്നു സൂക്ഷിച്ചു പോണം. അത്ര തന്നെ. മലമ്പാമ്പണ്ണന്‍ ഒന്നു ചുറ്റിയൊരു പിടിപിടിച്ചാല്‍ പിന്നെ എല്ലു നുറുങ്ങി ചപ്ലിയാകുകയല്ലാതെ വേറെ രക്ഷയില്ല.

അപ്പൊ നമ്മളു പറഞ്ഞുവന്നത് മീന്‍‌മുട്ടി! രസകരമായ ഈ സ്ഥലത്തേക്കുള്ള വഴിയില്‍ സുന്ദരന്മാരും സുന്ദരികളുമായ ഒരുപാടു പ്രാണികളേയും പ്രമാണിമാരെയും കണ്ടുമുട്ടി. അതിലൊരു തവളച്ചാരുടെ ചിത്രം ഇതോടൊപ്പം കൊടുക്കുന്നു. പിന്നെ കൊച്ചു കൊച്ചു ഈച്ചകള്‍, പൂമ്പാറ്റകള്‍, കുഞ്ഞുമീനുകള്‍, പലതരം വെള്ളത്തിലാശാന്‍മാര്‍, അങ്ങനെയങ്ങനെ കുറേപ്പേര്‍. പക്ഷേ കൂട്ടത്തില്‍ ഇത്തിരി വിചിത്രമായിത്തോന്നിയത് പൂമ്പാറ്റച്ചിറകുകളുള്ള തുമ്പികളായിരുന്നു. ഒരുമാതിരി കടും നീള നിറത്തോടുകൂടിയ പൂമ്പാറ്റച്ചിറകുകളുമായി പറന്നു നടക്കുന്ന സുന്ദരികളായ തുമ്പികള്‍!

കുറേ നേരം അങ്ങനെ തണലത്തിരുന്നു. കിളികളുടെ കളകൂജനങ്ങളും, വെള്ളത്തിന്റെ കള കള ശബ്ദങ്ങളും കൂടി, ആകെ മൊത്തം ഒരു “ള” പ്രളയം! ഇഷ്ടായി!


കുറെ ഇരുന്ന ശേഷം പതുക്കെ തിരിച്ചു നടന്നു. നല്ല വിശപ്പ്! ഒടുക്കത്തെ ദാഹവും.
ഇളയമ്മയുടെ വീട്ടില്‍ തിരിച്ചെത്തി. ഹ! നല്ല ഹൊന്നാന്തരം ഉച്ചയൂണ് തയ്യാര്‍. അതും എന്റെ ഇഷ്ടവിഭവങ്ങള്‍:
നല്ല നാടന്‍ കോഴിക്കറി, വെള്ളരിക്കാ മോരിട്ടു വച്ചത് (ശാസ്ത്രീയ നാമം അറിയില്ല. പാചക വിദഗ്ദ്ധര്‍ ഷമി!) പയറുപ്പേരി അഥവാ തോരന്‍. മാങ്ങാ വെയിലത്തിട്ടുണക്കി മുളകിട്ട് അച്ചാറാക്കിയത്. ചക്കപ്പപ്പടം - ചക്ക വേവിച്ച്, പുഴുങ്ങി ഉണക്കി പൊടിച്ച്... (ആ.. അങ്ങനെ എന്തൊക്കെയോ ചെയ്ത്..) അവസാനം പപ്പട പരുവത്തിലാക്കിയത്. മുളക് മോരിലിട്ടുണക്കി വറുത്തെടുത്തത് (ശാസ്ത്രീയ നാമം: കൊണ്ടാട്ടമ്മുളക്). പിന്നെ തവിടു പോകാത്ത പുഴുങ്ങലരിച്ചോറ്. കുടിക്കാന്‍ കരിങ്കാലി വെള്ളം. അങ്ങനെ ഉച്ചയൂണു കുശാല്‍!

അങ്ങനെ വയനാടന്‍ യാത്രയുടെ അവസാന മണിക്കൂറുകളായി. മക്കിയാടിനോടു യാത്രപറഞ്ഞു നേരെ മാനന്തവാടി ടൌണിലോട്ടു കടന്നു. പഴയ മിക്കവാറും കടകളെല്ലാം അവിടെത്തന്നെ പല്ലിളിച്ചു നില്‍ക്കുന്നുണ്ട്. പുതിയ ചില കടകളെല്ലാം വന്നിട്ടുണ്ടെന്നതൊഴിച്ചാല്‍ മുഖച്ഛായ അത്രയൊന്നും മാറിയിട്ടില്ല.

ഇനിയിപ്പൊ അധികം തട്ടിത്തിരിഞ്ഞു നില്‍ക്കുന്നതിലര്‍ത്ഥമില്ല. വയനാടന്‍ യാത്രയുടെ അന്ത്യമടുത്തു തുടങ്ങി. ഇനി നേരെ രഞ്ജുവിന്റെ വീട്ടിലോട്ട്.

അയ്യോ!! തോണിച്ചാലെത്തിയപ്പോഴാണോര്‍ത്തത്. ഒരാള്‍ക്കു കൈക്കൂലി കൊടുക്കാനുണ്ടായിരുന്നല്ലോ. കൊടുത്തില്ലേല്‍ സംഗതി പാളും. ബൈക്കുകാര്യം വീട്ടിലറിയും. പിന്നെ ക്ലൈമാക്സ്!! നേരെ ബേക്കറിയിലോട്ട്...
ശ്ശെ!.. പഫ്സ് ലഭ്യമല്ല!.. തല്‍ക്കാലം നൂറു ഗ്രാം മുളകുബിസ്കറ്റും പിന്നെ രണ്ടു മലേഷ്യന്‍ ചോക്ലേറ്റും വാങ്ങി തത്കാലത്തേക്ക് ഒപ്പിച്ചു.

വീട്ടിലെത്തിയതും വീണ്ടും തീറ്റക്കാര്യത്തിലേക്കു കടന്നു. മുത്തിക്കുടിയന്‍ മാങ്ങ, പിന്നെ മറ്റൊരുതരം മാങ്ങ, കൈതച്ചക്ക അഥവാ പൈനാപ്പിള്‍ മുതലായവ ലവലേശം ബാക്കി വയ്ക്കാതെ ശാപ്പിട്ടു. ഞാനവിടെ നിര്‍ത്തി. രഞ്ജു എന്നിട്ടും വിട്ടില്ല. രാവിലേ തിന്ന മാങ്ങാപച്ചടിയുടെ ബാക്കിയും അദ്ദേഹം അകത്താക്കി.

ഇനിയും നിന്നാല്‍ സമയത്തിനു തിരിച്ചെത്തലുണ്ടാകില്ല. എല്ലാ‍വരോടും യാത്രപറഞ്ഞിറങ്ങി.
വയനാടിന്റെ പ്രകൃതിഭംഗിയേക്കാളേറെ, വയനാട്ടുകാരുടെ സ്നേഹപൂര്‍ണ്ണമായ, നിഷ്കളങ്കമായ എല്ലാത്തിനേക്കാളുമേറെ ആത്മാര്‍ത്ഥമായ അതിഥി സ്നേഹത്തെ (അതു സല്‍ക്കാരമല്ല! സ്നേഹം തന്നെ.) ഓര്‍ത്തുകൊണ്ട് സ്റ്റാന്റിലോട്ടു നടന്നു.

പതിവുപോലെ, ഞാന്‍ സുഖസുന്ദരമായി ഉറങ്ങുമ്പോള്‍, ബസ്സ് ചുരമിറങ്ങുകയായിരുന്നു.!

Labels: , , , , ,

15 മറുമൊഴികള്‍:

Blogger സു | Su പറഞ്ഞത്...

വയനാടിലൂടെ ഒരു ചെറിയ യാത്ര ഈ ബ്ലോഗ് വഴി, ഞാനും നടത്തി. :)

qw_er_ty

8:01 AM  
Blogger അശോക് പറഞ്ഞത്...

കൊള്ളാം..വയനാടൊക്കെയൊന്ന് പൊണം.എനിക്കും

7:33 PM  
Blogger അരീക്കോടന്‍ പറഞ്ഞത്...

u came upto thonichal!!!!I was there in its next stop namely college stop.Anyhow when u come next time inform me also so that I can have a deep sink!!!

10:44 AM  
Blogger neYYan പറഞ്ഞത്...

എന്റെ ഒരു ഓഫ് സീസണ്‍ വയനാടു യാത്രയെക്കുറിച്ച്. കുറച്ചു ചിത്രങ്ങളും. മഴപെയ്തില്ലല്ലോ എന്നൊരു വിഷമം മാത്രം.

3:56 AM  
Blogger sandoz പറഞ്ഞത്...

വയനാടന്‍ കാടുകളില്‍ ഞാനുമൊരിക്കല്‍ കറങ്ങീട്ടുണ്ട്‌.
പക്ഷേ എന്ത്‌ കാര്യം....തിരിച്ച്‌ നാട്ടിലെത്തി....കൂട്ടുകാര്‍ തലയില്‍ വെള്ളം കോരിയൊഴിച്ചപ്പഴാ ടൂര്‍ പ്രോഗ്രാം കഴിഞ്ഞു എന്ന് എനിക്ക്‌ മനസ്സിലായത്‌.
ഒരിക്കല്‍ കൂടി അവിടെയൊക്കെ പോകണം.
നെയ്യാ....കൊള്ളാം.....

4:07 AM  
Blogger ഉണ്ണിക്കുട്ടന്‍ പറഞ്ഞത്...

നെയ്യാ വിവരണം കൊള്ളാം കേട്ടോ..

അടുത്ത ആഴ്ച്ച ഞാനും പോകുന്നുണ്ട് വയനാട്. ബോധം ഒരു പാടു പോകാന്‍ സാധ്യത ഇല്ല, വീട്ടുകാരുടെ കൂടെയാ പോകുന്നേ..

4:24 AM  
Blogger neYYan പറഞ്ഞത്...

ഉണ്ണിക്കുട്ടന്‍ ഭാഗ്യവാന്‍. ഇനി പോകുമ്പോള്‍ മഴ കാണാം
qw_er_ty

4:26 AM  
Blogger ശാലിനി പറഞ്ഞത്...

കൊതിപ്പിച്ചുകളഞ്ഞല്ലോ ഈ വിവരണം. ഇങ്ങനെയുള്ള യാത്രകള്‍ ഇനിയും പോകൂ, എന്നിട്ട് ഇതുപോലെ നന്നായി എഴുതണം. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്. ഇവിടെ പെട്ടെന്ന് അന്തരീക്ഷം ആകെ ഇരുണ്ട് പൊടി നിറഞ്ഞ് ഒരു മഴ വരാന്‍ പോകുന്നതുപോലെ, ഇങ്ങനെ മങ്ങിയ വെട്ടത്തിരുന്ന് വായിച്ചതുകൊണ്ട്, വയനാട്ടിലൂടെ നെയ്യന്റെ കൂടെ യാത്രചെയ്തതുപോലെ.ആകെ ഒരു ള പ്രളയം.

ആ ആഹാരവിവരണം കുറച്ചുകൂടിപോയി, വായില്‍ നിറയെ വെള്ളമാണ്. വയനാട്ടില്‍ ഇപ്പോതന്നെ പോയി രജ്ത്തിന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ തോന്നുന്നു.

4:53 AM  
Blogger അജി പറഞ്ഞത്...

കവിത പുലി. വിഷ്ണുമാഷിന്റെ നാട്ടിലേക്കൊരു(വയനാട്) യാത്ര. ഞാനും ഒത്തിരി കാലമായി മോഹിക്കുന്നു. എന്റെ കൂടെ എപ്പോഴും വഴക്കിടുന്ന എന്റെ ചങ്ങാതിയുടെ വീട് മാനന്തവാടിയിലായതിനാല്‍ നെയ്യന് രഞ്ജിത്ത് ഒരുക്കിയത് പോലെ പ്രതീക്ഷിക്കാം.
നല്ല വിവരണം, കുറച്ചധികം പോട്ടം കൂടി വേണമായിരുന്നു എങ്കിലും ഒത്തിരി നന്നായി ട്ടോ.

5:15 AM  
Blogger അഗ്രജന്‍ പറഞ്ഞത്...

വളരെ നല്ല പോസ്റ്റ്!

അടിപൊളി വിവരണങ്ങള്‍ - പടങ്ങളോ സൂഊപ്പര്‍!!!

വയനാടിന്‍റെ സൌന്ദര്യം കൊതിപ്പിക്കുന്നത് തന്നെ!

5:20 AM  
Blogger ഏറനാടന്‍ പറഞ്ഞത്...

നെയ്യന്‍? പുതിയാളാണോ? വയനാടന്‍ യാത്രയും പടങ്ങളും കൊള്ളാം, നന്നായിരിക്കുന്നു.

മറ്റൊരു വ്യത്യസ്ത വയനാടന്‍ ചുരയാത്ര ഇവിടുണ്ട്‌ ഒന്നു വരുന്നോ, ദാ ഇതിലെ: http://mycinemadiary.blogspot.com/2007/03/blog-post.html

7:06 AM  
Blogger അപ്പു പറഞ്ഞത്...

നെയ്യാ....ഇതുവരെ പോയിട്ടില്ലാത്ത വയനാട്ടിലൂടെ പോയിവന്നതുപോലെ തോന്നുന്നു ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍. നല്ല ചിത്രങ്ങളും.

ഇത് ഇതുവരെ വായിക്കാ‍ത്ത പ്രിയ ബ്ലോഗ് സുഹൃത്തുക്കളേ കടന്നുവരൂ ഈ ഫ്രീ വയനാടന്‍ യാത്രയിലേക്ക്...!!

5:29 AM  
Blogger കുട്ടമ്മേനൊന്‍::KM പറഞ്ഞത്...

സൂപ്പര്‍ പോസ്റ്റ് ഇഷ്ടാ..

5:48 AM  
Blogger റിഷാദ് പറഞ്ഞത്...

വയനാട്ടില്‍ ഇത്ര മനോഹരമായൊരു സ്ഥലമുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. ചിത്രങ്ങള്‍ നന്നാ‍യിട്ടുണ്ട്.

11:26 PM  
Blogger manu പറഞ്ഞത്...

kollam ketto

9:34 AM  

Post a Comment

ഈ പോസ്റ്റിലേക്കുള്ള കണ്ണികള്‍:

Create a Link

<< ഒന്നാം പേജിലേക്ക്